മിക്ക അമ്മമാരും മക്കളെക്കുറിച്ച് ഇങ്ങനെ പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. നമ്മുടെ കണ്മണികളായ മക്കൾ പലപ്പോഴും നമുക്ക് തലവേദനയായി മാറാറുണ്ട്. കുട്ടികളെ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ സ്വന്തം കുഞ്ഞിനെ വളർത്തിയെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിനുവേണ്ടി പല തന്ത്രവും, ടിപ്സുകളും വശത്താക്കി വെക്കേണ്ടിവരും. ഇന്ന് മിക്ക രക്ഷിതാക്കളെയും അലട്ടുന്ന പ്രശ്നം കുട്ടികളിലെ വാശിയാണ്. ഈ തലമുറയിൽ അത് വളരെയധികം കൂടുതലായി കണ്ടുവരുന്നുണ്ട്. കുട്ടികളിലെ ദുഃശാഠ്യവും, വാശിയും കാരണം കുറച്ചൊന്നുമല്ല രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നത്. കുട്ടികളിലെ വാശിയൊന്നു മാറിക്കിട്ടാൻ പല വിദ്യകളും പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും പല രക്ഷിതാക്കളും. എന്നാൽ വാശിക്കൊരു മറുവശം കൂടിയുണ്ട്.
വാശി ഒരു വ്യക്തിയുടെ അന്തഃസത്തയുടെ അവിഭാജ്യ ഘടകമാണ്. വാശിയില്ലാത്ത ഒരു വ്യക്തിക്ക് വ്യക്തമായ ഒരു നിലനിൽപ്പ് തന്നെ ഇല്ല എന്ന് പറയാം. മത്സരത്തിൽ ജയിക്കണമെങ്കിൽ വാശി അത്യന്താപേക്ഷിതമാണ്. പരീക്ഷയെ ധൈര്യസമേതം നേരിടാനും, താനേറ്റെടുത്ത ഏതൊരു പ്രവർത്തിയും മടികൂടാതെ പൂർത്തിയാക്കാനും വാശി അത്യാവശ്യമാണ്. മിതമായ വാശിയെ ‘ശുഷ്കാന്തി’ എന്ന് വിളിക്കാം. ആരോഗ്യകരമായ രീതിയിലുള്ള വാശി ഒരുതരത്തിൽ പ്രചോദനമാണ്. അലസർക് വാശി ഉണ്ടാകില്ല. കാരണം അവർക്ക് വാശിപിടിച്ച് ആരുമായും മത്സരിക്കാനൊന്നും വയ്യ. ഏതൊരു കാര്യവും അതിരു കവിയുമ്പോഴാണ് പ്രശ്നമാകുന്നത്. വാശിയുടെ കാര്യവും അങ്ങനെ തന്നെ. അമിതമായ വാശിയാണ് അപകടം. ഒരു മത്സരത്തിൽ ഒന്നാമത് എത്തണമെന്ന വാശി വളരെ നല്ല കാര്യമാണ്. എന്നാൽ ഒന്നാമത് എത്തിയില്ലെങ്കിൽ ജയിച്ചവരോട് പകയും വൈരാഗ്യവും വെക്കുന്ന രീതിയിലുള്ള വാശി അപകടകരമാണ്. മാതാപിതാക്കൾക്ക് പുറമേ അധ്യാപകർക്കും കൂട്ടുകാർക്കും ഒക്കെ കുട്ടികളുടെ അമിത വാശി തലവേദനയായി മാറാറുണ്ട്. ഇത്തരം കുട്ടികൾ മറ്റുള്ളവരുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെടുകയും, മുതിർന്നു വരുമ്പോൾ സാമൂഹ്യവിരുദ്ധത പോലുള്ള മാനസിക അപചയങ്ങൾക്ക് വിധേയമാവുകയും ചെയ്തേക്കാം. കൂടാതെ അമിത വാശിയെ ചെറുപ്രായത്തിൽ തന്നെ വേണ്ടവിധത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് ഇവരിൽ മുൻകോപം, അസഹിഷ്ണുത, സഹാനുഭൂതിയില്ലായ്മ, പക, വൈരാഗ്യം തുടങ്ങിയ ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് വിലങ്ങു തടിയായി നിൽക്കുന്ന സ്വഭാവരീതികൾ ഉടലെടുത്തേക്കാം. ഇത് അവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും വളരെയധികം പ്രയാസമുണ്ടാകാൻ ഇടയാക്കും.
വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ അമിതവാശി കണ്ടുവരുന്നതിന് കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകൾ വ്യക്തിയുടെ ജനനത്തിനു മുമ്പ് തന്നെ കുറെയേറെ രൂപപ്പെട്ടു തുടങ്ങുന്നു. ‘വൈകാരിക സത്ത’ അഥവാ emotional self എന്ന സ്വഭാവ വിശേഷണം അതിൽപ്പെടുന്നു. ഗർഭകാലത്തെ ഗൃഹാന്തരീക്ഷം, ഗർഭകാലത്ത് അമ്മ അനുഭവിക്കുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങൾ, സിഗരറ്റ്, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയ ലഹരികളുടെ ഉപയോഗം, അവരിലെ ഉത്കണ്ഠ, നിരന്തരമായ ഭയം എന്നിവയെല്ലാം ഗർഭസ്ഥ ശിശുവിൻ്റെ വൈകാരിക നിലയെ സ്വാധീനിക്കുന്നു. പിറന്നുവീണ നിമിഷം മുതൽ കുഞ്ഞുങ്ങൾ ചുറ്റുപാടിൽ നിന്നും കാര്യങ്ങൾ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങുന്നു. അതുകൊണ്ട് തന്നെ കുഞ്ഞു വളർന്നു വരുന്ന ഗൃഹന്തരീക്ഷം വളരെ പ്രധാനമാണ്. വൈകാരികമായി വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടാത്ത കുട്ടികളിൽ പലവിധ സ്വഭാവ പെരുമാറ്റ വൈകല്യങ്ങളും കാണാം. അതിലൊന്ന് മാത്രമാണ് ദുശ്ശാഠ്യം .
ദുശ്ശാഠ്യവും വാശിയുമൊക്കെ മിക്ക കുട്ടികളിലും കണ്ടുവരുന്നത് അവരുടെ ഒന്നര വയസ്സിനും മൂന്നു വയസ്സിനും ഇടയിലാണ്. ചെറിയ കുട്ടികളാണെങ്കിൽ നിലത്ത് കിടന്ന് ഉരുണ്ട് കരയുക, അച്ഛനെയോ അമ്മയെയോ അടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുക, വലിയ വായിൽ നിലവിളിക്കുക എന്നിവയൊക്കെ ഉണ്ടാകാം. കൗമാര പ്രായം എത്തിയാല്‍ എന്തിനെയും എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും തര്‍ക്കിക്കുന്നതായും കാണാം. മിണ്ടാതിരിക്കുക, പിണങ്ങി മുറിയില്‍ കയറി കതകടച്ച് കുറ്റിയിടുക, ഭക്ഷണം കഴിക്കാതിരിക്കുക, പഠിക്കാതിരിക്കുക എന്നിവയൊക്കെ കാണാം. വാശിയും വഴക്കും ഒക്കെ കുട്ടികളില്‍ സഹജമാണ്. എന്നാല്‍ ഒരു പരിധി വിട്ടാല്‍ ഭാവിയില്‍ ആപത്തായും വരാം. ഇത്തരം ദുസ്വഭാവങ്ങള്‍ അതിരു കടക്കുകയാണെങ്കില്‍ ചികിത്സയും പരിഹാരവും തേടേണ്ടതായുണ്ട്.
അമിത വാശി അല്ലെങ്കില്‍ ദുശ്ശാഠ്യത്തെ ഫലപ്രദമായി നേരിടാന്‍ പല മാര്‍ഗങ്ങളുമുണ്ട്.
സാധാരണയായി ഇത്തരം കുട്ടികൾ വലിയ നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കുന്നു. അവർക്ക് അവരുടേതായ അഭിപ്രായങ്ങളും ചിന്താഗതികളും ഉണ്ടായിരിക്കും. പലപ്പോഴും കാര്യങ്ങളെക്കുറിച്ച് (അവരുടേതായ രീതിയിൽ) വ്യക്തമായ ഒരു ധാരണയും അവർക്കുണ്ടായിരിക്കും. ഇതുകൊണ്ടുതന്നെ അവരെ അവരുടെ അഭിപ്രായങ്ങളിൽനിന്ന് ഇളക്കാൻ വലിയ പ്രയാസമാണ്. പലപ്പോഴും ഇത് ദുശ്ശാഠ്യമായാണ് നമുക്ക് അനുഭവപ്പെടുന്നതെങ്കിലും ചില സന്ദർഭങ്ങളിലെങ്കിലും ഇത് ജീവിത വിജയത്തിനുതകുന്ന മികച്ച ഒരു സ്വഭാവ വിശേഷമാണ് എന്നതും മറക്കരുത്. സാധാരണയിൽ കവിഞ്ഞ ഒരു ബുദ്ധിശക്തി ഏതാണ്ടെല്ലാ ദുശ്ശാഠ്യക്കാരിലും കാണാം. വിട്ടുവീഴ്ച ചെയ്യാൻ പലപ്പോഴും ഇവർ ഒരുങ്ങുന്നില്ല. പ്രായത്തിൽ കവിഞ്ഞ സ്വതന്ത്രചിന്താഗതി പ്രകടിപ്പിക്കുന്ന ഇവരെ മെരുക്കാൻ എളുപ്പമല്ല. മറിച്ച് മറ്റുള്ളവരുടെ മേൽ അധികാരം അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കുന്നു. ഇത് മുതിർന്നവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. കുടുംബം അല്ലെങ്കിൽ ക്ലാസ് ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടു പോകുന്നതിൽ രക്ഷിതാക്കൾ അല്ലെങ്കിൽ അധ്യാപകർ വല്ലാതെ ബുദ്ധിമുട്ടും. എന്നാൽ, മുതിർന്ന് വന്നാൽ ഇക്കൂട്ടർ മികച്ച നേതാക്കളായിത്തീരാൻ സാധ്യതയേറെയാണ്. ഇവരിലുള്ള നേതൃഗുണത്തെ ശരിയാംവിധം പരിപോഷിപ്പിച്ചെടുക്കണം എന്ന് മാത്രം. പൊതുവെ വഴക്കാളികളായിട്ടാണ് ഇവർ പെരുമാറുക. നിസാര കാര്യങ്ങൾക്ക് പോലും വലിയ വഴക്ക് ഇവരിൽനിന്നും പ്രതീക്ഷിക്കാം. ഉദ്ദേശിച്ച കാര്യം നടക്കുന്നത് വരെ, ആവശ്യപ്പെടുന്നത് കിട്ടുന്നത് വരെ അവർ വഴക്ക് തുടരും. വാശിപിടിച്ച് കാട്ടികൂട്ടുന്ന വേലത്തരങ്ങൾ സാധാരണ കുട്ടികളിൽ ഉള്ളതിനേക്കാൾ ഏറെ കൂടുതൽ ആയിരിക്കുകയും ചെയ്യും.
ഇത്തരക്കാരെ പരിപാലിച്ചെടുക്കാനുള്ള ചില വിദ്യകൾ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. മാതാപിതാക്കൾക്ക് താരമമ്യേന എളുപ്പത്തിൽ നടപ്പിലാക്കാവുന്ന ഏറെ ഫലപ്രദമായ ചില വിദ്യകളാണ് ഇനിപറയാൻ പോകുന്നത്.
🤷♂️ ആദ്യമായി കുട്ടികളുടെ ശാരീരിക ആരോഗ്യം ശരിയാണെന്ന് ഉറപ്പുവരുത്തുക, പോഷകക്കുറവ്, മറ്റ് ശാരീരിക അസുഖങ്ങൾ എന്നിവയൊന്നും കുട്ടിക്ക് ഇല്ല എന്ന് ഉറപ്പുവരുത്തുക. സ്ഥിരമായ വിശപ്പില്ലായ്മ ഉള്ള കുട്ടികളാണെങ്കിൽ ശരിയാംവണ്ണം രോഗ നിർണ്ണയം നടത്തി ആവശ്യമായ ചികിത്സ നൽകുക, ഭയം ഉൽക്കണ്ഠ എന്നിവയുള്ള കുട്ടികളെയും ആവശ്യമായ ചികിത്സ, കൗൺസലിങ് എന്നിവക്ക് വിധേയമാക്കുക.
🤷♂️ കുട്ടികൾ ആവശ്യപ്പെടുന്നതെന്തും ക്ഷണേന വാങ്ങികൊടുക്കുന്നത് മറ്റൊരു തകരാറാണ്. ഇത് നാം തന്നെ ചെറുപ്പത്തിലേ തുടങ്ങുന്നു. സ്നേഹാധിക്യത്താലാണ് ഇത് ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാം. നന്നേ കുഞ്ഞുനാളിലെ തുടങ്ങുന്ന ഈ ശീലം കുഞ്ഞിനെ അക്ഷമയിലേക്കും ക്രമേണ ദുശ്ശാഠ്യത്തിലേക്കും നയിക്കുന്നു എന്ന് നാം അറിയുന്നില്ല.
🤷♂️ നമ്മിൽ പലരും ഇന്ന് ചെയ്തുവരുന്ന ഒരു വലിയ തെറ്റാണ് ആവശ്യം വരുന്നതിന് മുമ്പ് അതിനായി ഒരുങ്ങി നിൽക്കുക എന്നത്. ചില കാര്യങ്ങളിലൊക്കെ ഇത് നല്ലതായേക്കാമെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുക.
🤷♂️ കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധയും ആദരവും കൊടുക്കുക. ആവശ്യമായ കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുക. അവർ ശാഠ്യം പിടിക്കുന്ന സമയത്ത് നാം സമചിത്തതയോടെ അതിനെ നേരിടുക.
അമിത വാശിയും ദുശ്ശാഠ്യവും വളരെ ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങളാണ്. എന്നാൽ ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന കുട്ടികളിൽ അധികവും യഥാർഥത്തിൽ ശാഠ്യക്കാരല്ല എന്നതാണ് വസ്തുത. നമ്മുടെ ഭാഗത്ത് നിന്നുൾപ്പെടെ ഉണ്ടാകുന്ന തകരാറുകളാണ് ഇവരെ ഇത്തരക്കാരാക്കുന്നത് എന്നത് മറക്കരുത്. അതിനാൽ തന്നെ വിവേക പൂർണമായ സമീപനം എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കും എന്ന് ആശ്വസിക്കുക.
🤷♂️ ശബ്ദം താഴ്ത്തി സംസാരിക്കാം.
നിങ്ങളുടെ കുട്ടി എത്ര ഉച്ഛത്തില്‍ വാശിപിടിച്ചാലും അതിനെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്യുക. അവന്റെ ശബ്ദം താഴ്ത്താനായി നിങ്ങള്‍ ശബ്ദം കൂട്ടിയിട്ട് കാര്യമില്ല. നിങ്ങള്‍ ശാന്തമായി പതുക്കെ സംസാരിക്കുന്നതിനനുസരിച്ച് അവന്റെ ശബ്ദവും താഴ്ന്നു വന്നോളും.
🤷♂️ കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുക. നമ്മള് അവരെയും കൂടി കണക്കിലെടുക്കുന്നുണ്ടെന്ന തോന്നല്‍ അവരില്‍ വരുത്തുക. നിങ്ങള്‍ എന്തെങ്കിലും വാങ്ങുകയാണെങ്കില്‍ എങ്ങനെയുണ്ടെന്ന് വെറുതെ ഒന്ന് നിങ്ങളുടെ കുട്ടികളോടു കൂടി ചോദിക്കുക. അവന്റെ ഇഷ്ടങ്ങളെക്കൂടി കണക്കിലെടുക്കുക.
🤷♂️ കുട്ടികൾ എന്തെങ്കിലും ആവശ്യപ്പെടുമ്പാൾ അതിനോട് ശരിയാംവണ്ണം പ്രതികരിക്കുക എന്നതാണ് മറ്റൊരു കാര്യം. അവരെ അടിച്ചമർത്തുന്നതും അമിതമായി പ്രതികരിക്കുന്നതും ദോഷം ചെയ്യും. പകരം അവർക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കുക. ഒരു പക്ഷേ അത് അനുവദിച്ചുകൊടുക്കാൻ പറ്റാത്തതാണെങ്കിലും അവരുടെ കൂടെ കൂടി സാവധാനം അവരുടെ മനസ്സ് മാറ്റുക.
🤷♂️ കുട്ടികൾ പറയുന്നതിന് ചെവികൊടുക്കാൻ ശ്രദ്ധിക്കുക, അവരോട് തട്ടിക്കയറുകയോ അവരെ ഗുണദോഷിക്കുകയോ ചെയ്യുന്നതിന് മുമ്പ് അവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കുന്നത് വഴി പല വലിയ വഴക്കുകളും തുടക്കത്തിലെ ഇല്ലാതാക്കാം.
മുതിർന്നവർക്കുള്ളത് പോലെ തന്നെ കുട്ടികൾക്കും ക്ഷമയുടെ ഒരു പരിധി ഉണ്ടെന്നറിയുക. പലപ്പോഴും അത് മുതിർന്നവരേക്കാൾ വളരെ താഴെയായിരിക്കുകയും ചെയ്യും. ആ പരിധി വിടുമ്പാഴാണ് അവർ പൊട്ടിത്തെറിക്കുന്നതും മറ്റും. മാത്രവുമല്ല മുതിർന്നവരെ അനുകരിച്ചാണ് കുട്ടികൾ ഏതാണ്ടെല്ലാ കാര്യങ്ങളും പഠിക്കുന്നത് എന്നതും ഓർക്കുക. അതിനാൽ തന്നെ പൊട്ടിത്തെറിക്കുന്ന അല്ലെങ്കിൽ ഒരു തരത്തിലും വഴങ്ങാത്ത ഒരു രക്ഷിതാവ് ഏതാണ്ടതേ സ്വഭാവശീലമാണ് കുട്ടിയിൽ ഉണ്ടാക്കിയെടുക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ല.
ഒരിക്കൽ കൂടി പറയട്ടെ, ദുശ്ശാഠ്യക്കാരായ കുട്ടികൾ നമുക്ക് ഏറ്റവും വലിയ തലവേദന ഉണ്ടാക്കുമെങ്കിലും, ശരിയാംവണ്ണം ശ്രദ്ധിച്ചാൽ ഇവരെ മികച്ച പൗരന്മാരാക്കി വളർത്തിയെടുക്കാം. അതിന് സാധാരണയിൽ കവിഞ്ഞ അറിവും, ക്ഷമയും, അധ്വാനവും ആവശ്യമാണെന്ന് മാത്രം. പലപ്പോഴും ഇതിനായി ഡോക്ടർ, സൈക്കോളജിസ്റ്റ് , മനോരോഗ വിദഗ്ധർ,സ്കൂൾ കൗൺസിലർ തുടങ്ങിയ വിദഗ്ധരുടെ സേവനവും ആവശ്യമായി വരും.
ടി പി ജവാദ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
☎️9037984556